
കൊച്ചി : എറണാകുളം അങ്കമാലി കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന വിരണ്ടോടി. ചവിട്ടേറ്റ് ഒരാൾ മരിച്ചു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറായ വിഷ്ണു ആണ് മരിച്ചത്. രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലത്ത് നിന്ന് ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്.
രാവിലെ ഒൻപതരയോടെ ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി വിരണ്ടത്. വിരണ്ടോടിയ ആന വഴിയിലുണ്ടായിരുന്ന വാഹനങ്ങൾ ഉൾപ്പെടെ കുത്തിമറിച്ചിട്ടു. വിവരം അറിഞ്ഞ ഉടൻ തന്നെ ആർആർടി സംഘം സ്ഥലത്തെത്തി.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലും ആനയെ പൂർണ്ണമായും തളയ്ക്കാൻ സാധിച്ചിട്ടില്ല. വനംവകുപ്പും പോലീസും സ്ഥലത്തുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.