Banner Ads

കന്യാകുമാരിയിൽ കാണാതായ മലയാളി സഹോദരിമാരെ; കടലിൽ മരിച്ച നിലയിൽ കണ്ടെത്തി

കന്യാകുമാരി : കന്യാകുമാരിയിൽ കാണാതായ സഹോദരിമാരെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ കോട്ടയം കിടങ്ങൂർ കുരിക്കാട്ടിൽ സ്വദേശികളായ ആൻ ഫിലിപ്പ് (35), മീര ഫിലിപ്പ് (32) എന്നിവരാണ് മരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇവർ അമേരിക്കയിൽ നിന്നും നാട്ടിലെത്തിയത്. തുടർന്ന് രമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ഏപ്രിൽ 26നാണ് ഇരുവരും കന്യാകുമാരിയിലെത്തിയത്.

ഒരു ഹോട്ടലിൽ മുറിയെടുത്ത ഇവർ പുറത്തുപോയ ശേഷം രണ്ട് ദിവസമായിട്ടും തിരികെ എത്തിയില്ല. ഹോട്ടൽ അധികൃതർ ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ കന്യാകുമാരിയിലെത്തി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇന്ന് രാവിലെ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് മൃതദേഹങ്ങൾ കടലിൽ കണ്ടത്. പോലീസിന്റെ സാന്നിധ്യത്തിൽ മത്സ്യത്തൊഴിലാളികൾ തന്നെയാണ് കരയ്‌ക്കെത്തിച്ചത്.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും മരണത്തിൽ ദുരൂഹതയുണ്ടോ എന്നും കടലിൽ വീണതാണോ അതോ മറ്റെന്തെങ്കിലും സംഭവിച്ചതാണോ എന്നും വ്യക്തമല്ല. കന്യാകുമാരി തീരദേശ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.