Banner Ads

ചുട്ടുപൊള്ളുന്ന പാലക്കാട്: താപനില 40 ഡിഗ്രിയിൽ; ചികിത്സ തേടിയത് മുന്നൂറിലധികം പേർ.

പാലക്കാട് :സംസ്ഥാനത്തെ ഉയർന്ന താപനിലയിൽ വലഞ്ഞ് പാലക്കാട്ടെ ജനങ്ങൾ. നാൽപ്പത് ഡി​ഗ്രിയാണ് പാലക്കാട് ജില്ലയിലെ ശരാശരി ചൂട്. സൂര്യതാപം, സൂര്യാഘാതമടക്കം നാല് ആഴ്ച്ചക്കിടെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത് 318 പേർ. സ്വകാര്യ ആശുപത്രികളുടെ കണക്ക് കൂടി ചേർന്നാൽ എണ്ണം ഇനിയുമേറെ വർദ്ധിക്കും.

സംസ്ഥാനത്തിന്റെ മറ്റ് ഭാ​ഗങ്ങളിൽ വൈകുന്നേരം അഞ്ച് മണിയ്ക്ക് ശേഷം അന്തരീക്ഷ താപനില കുറയുമെങ്കിലും പാലക്കാട്ടെ പ്രത്യേക സാഹചര്യത്തിൽ ചൂട് രാത്രിയും ഉയർന്ന് നിൽക്കുന്നതിനാൽ ഇഴ ജന്തുക്കളുടെ സാനിധ്യവും കൂടുതലാണ്.ഉഷ്ണ തരം​ഗ സമാനമായ അന്തരീക്ഷത്തിലാണ് പാലക്കാട് ജില്ല.പകൽ സമയങ്ങളിൽ പൊടിക്കാറ്റ് വീശുന്നത് ചൂട് അസഹന്യമാക്കുന്നു.

കനത്ത വിയർപ്പ് , തളർച്ച, തലകറക്കം എന്നിവ മൂലം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരുന്നുണ്ട്. ഔദ്യോ​ഗിക കണക്ക് പ്രകാരം സൂര്യതാപം ഏറ്റുള്ള ചൂടുകുരു, ചൊറിച്ചിൽ തുടങ്ങിയവ സഹിക്കാനാകാതെ പാലക്കാട് ജില്ലയിലെ ആശുപത്രികളിൽ എത്തിയവരുടെ എണ്ണം 200 കടന്നു. 71 പേർക്ക് തൊലി പൊള്ളി അടർന്ന് പോയി. നിരന്തരമായി വെയിൽ ഏറ്റാൻ സൂര്യാഘ്യാതം വരാനും ജീവന് ഭീഷണിയാകാനും സാധ്യതയുണ്ട്. ജില്ലയിൽ രണ്ട് സംഭവങ്ങളാണ് അത്തരത്തിൽ ഇത് വരെ ഉണ്ടായിട്ടുള്ളത്.

സൂര്യൻ കത്തി ജ്വലിച്ച് നിൽക്കുന്ന പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ കൊളളാതിരിക്കാനുള്ള ജാ​ഗ്രത പുലർത്തണമെന്ന് ജില്ലാ ആരോ​ഗ്യവിഭാ​ഗം മുന്നറിയിപ്പ് നൽകുന്നു.തമിഴ്നാട്ടിൽ നിന്നുള്ള ചൂട് കാറ്റ് നിരന്തരം കടന്ന് വരുന്നതിനാൽ വൈകുന്നേരം അഞ്ച് മണിയ്ക്ക് ശേഷവും പാലക്കാട് ജില്ലയിലെ താപനിലയിൽ കുറവ് വരുന്നില്ല.ഇക്കാരണത്താൽ രാത്രി കാലങ്ങളിൽ പാമ്പിന്റെ സാനിധ്യം കൂടാൻ കാരണമാകുന്നു. ഏപ്രിൽ മാസം 43 പേർക്ക് പാമ്പ് കടിയേറ്റു.

മാർച്ച് മാസം 44 പേർക്കും. പാമ്പ് കടിയേറ്റാലുടൻ നൽകേണ്ട ആന്റിവെനം ഇഞ്ചകക്ഷനും വിദ​ഗദ്ധ ചികിത്സ സൗകര്യങ്ങളും സർക്കാർ ആശുപത്രികളിൽ ക്രമീകരിച്ചിട്ടുണ്ട്. നിലവിലെ ചൂട് കുറച്ച് ദിവസങ്ങൾ കൂടി തുടരും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം മൂന്ന് ദിവസത്തിനുള്ളിൽ ജില്ലയുടെ ഒറ്റപ്പെട്ട മേഖലകളിൽ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്. അന്തരീക്ഷ താപനില ഒരു ​ഡി​ഗ്രിവരെയെങ്കിലും കുറവ് വരുത്തും.