Banner Ads

രാജ്യത്ത് ഇന്ധനക്ഷാമമില്ല; പരിഭ്രാന്തരായി ഇന്ധനം ശേഖരിക്കരുതെന്ന് കേന്ദ്ര സർക്കാർ.

ന്യൂഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും ക്ഷാമമുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. പുതിയ നിയമങ്ങൾക്കെതിരെ ട്രക്ക് ഡ്രൈവർമാർ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധന വിതരണം തടസ്സപ്പെടുമെന്ന തരത്തിൽ വ്യാജപ്രചാരണങ്ങൾ ശക്തമായിരുന്നു.

ഇതിനെത്തുടർന്ന് പലയിടങ്ങളിലും ഇന്ധന പമ്പുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ട സാഹചര്യത്തിലാണ് സർക്കാർ ഔദ്യോഗിക വിശദീകരണം നൽകിയത്.ആവശ്യത്തിന് ഇന്ധനം സംഭരണശാലകളിൽ ലഭ്യമാണെന്നും ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം ശേഖരിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

സോഷ്യൽ മീഡിയ വഴിയും മറ്റും പ്രചരിക്കുന്ന വ്യാജവാർത്തകൾ വിശ്വസിക്കരുത്. ഇന്ധന വിതരണം സുഗമമായി നടക്കുന്നുണ്ടെന്നും ജനങ്ങൾ സംയമനം പാലിക്കണമെന്നും പെട്രോളിയം മന്ത്രാലയ വക്താവ് അഭ്യർത്ഥിച്ചു.