
തിരുവനന്തപുരം: മിൽമ പാൽ വില ലിറ്ററിന് നാല് രൂപ വർധിപ്പിക്കാൻ ഡയറക്ടർ ബോർഡ് യോഗം ശുപാർശ ചെയ്തു. പാൽ വില കൂട്ടാൻ സർക്കാർ തത്വത്തിൽ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് മിൽമയുടെ നീക്കം. എന്നാൽ നിലവിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക പ്രഖ്യാപനം വൈകും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിക്കുകയാണെങ്കിൽ മെയ് ഒന്ന് മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരാനാണ് സാധ്യത.
ലിറ്ററിന് 4 മുതൽ 6 രൂപ വരെ വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെയും വിവിധ മേഖല യൂണിയനുകളുടെയും ആവശ്യം. കാലിത്തീറ്റ വില വർധനവ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ കണക്കിലെടുത്ത് കർഷകരെ സഹായിക്കാനാണ് ഈ തീരുമാനമെന്ന് മിൽമ അറിയിച്ചു. കഴിഞ്ഞ ദിവസം എറണാകുളം മേഖല യൂണിയൻ ഈ ആവശ്യവുമായി പരസ്യ പ്രതിഷേധവും നടത്തിയിരുന്നു.