Banner Ads

ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ വ്യാപക അക്രമം: പലയിടത്തും സംഘർഷം, ബൂത്തുകൾ പിടിച്ചെടുക്കാൻ ശ്രമം.

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ വിവിധയിടങ്ങളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഛപ്ര, ശാന്തിപുർ, നിംതാല, ഭാംഗർ എന്നിവിടങ്ങളിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി പശ്ചിമ ബംഗാൾ പൊലീസ് സ്ഥിരീകരിച്ചു.

നദിയ ജില്ലയിലെ ഛപ്രയിൽ മോക്ക് പോളിംഗിനിടെ ബിജെപി പോളിംഗ് ഏജന്റിന് നേരെ ആക്രമണമുണ്ടായി. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തന്റെ ഏജന്റിനെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചതായി ബിജെപി സ്ഥാനാർത്ഥി സയ്ക്കത്ത് സർക്കാർ ആരോപിച്ചു. എന്നാൽ ടിഎംസി ഈ ആരോപണം തള്ളി. ശാന്തിപുരിൽ ബിജെപിയുടെ ക്യാമ്പ് ഓഫീസ് തകർത്ത നിലയിൽ കണ്ടെത്തിയത് പ്രദേശത്ത് വലിയ സംഘർഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.

ഭാംഗറിൽ ഐഎസ്എഫ് (ISF) ഏജന്റിനെ ബൂത്തിൽ പ്രവേശിക്കാൻ അനുവദിക്കാത്തതിനെച്ചൊല്ലിയും തർക്കമുണ്ടായി. നിംതാലയിൽ വോട്ടെടുപ്പ് വൈകിയതിനെ തുടർന്ന് വോട്ടർമാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.