
പാലക്കാട്: കൊടുമുണ്ട പാലത്തറ തീരദേശ റോഡ് നിർമ്മാണത്തിൽ അഴിമതി കണ്ടെത്തിയ സാഹചര്യത്തിൽ വിജിലൻസ് സംഘം പരിശോധന നടത്തി. പാലത്തറ മുതൽ കൊടുമുണ്ട തീരദേശം വരെയുള്ള ഭാഗത്തെ 12 ഇടങ്ങളിലായിരുന്നു റോഡ് സാമ്പിൾ ശേഖരിച്ചുകൊണ്ട് പരിശോധന നടത്തിയത്.തീരദേശ റോഡ് ഫണ്ടിൽ നിന്നും 2 കോടി ചിലവഴിച്ച് പട്ടാമ്പിയിൽ നിന്ന് കൊടുമുണ്ട തീരദേശം വഴി പള്ളിപുറത്തേക്കുള്ള നിർമ്മിച്ച പാത രണ്ടു മാസത്തിനകം ഇടിഞ്ഞ് താഴ്ന്നതോടെയാണ് അഴിമതി ആരോപണം ഉയർന്നത്.
പടിഞ്ഞാറെ കൊടുമുണ്ട ആശാരിപ്പടി ഭാഗത്താണ് റോഡിൻറെ ഒരു ഭാഗം മീറ്ററുകളോളം ഇടിഞ്ഞു താഴ്ന്നത്. റോഡ് നിർമ്മാണത്തിന്റെ തുടക്കത്തിൽ തന്നെ അശാസ്ത്രീയതയും അഴിമതി ആരോപണവും ഉയർന്നിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ സാങ്കേതികാനുമതിയിൽ നിർദേശിക്കപ്പെട്ട പണികളിൽ പകുതിയും ചെയ്തിട്ടില്ലെന്ന് ധനകാര്യ വകുപ്പ് ചീഫ് ടെക്നിക്കൽ എക്സാമിനർ കണ്ടെത്തുകയും ചെയ്തു. ഇതേ തുടർന്ന് അസിസ്റ്റൻ്റ് എൻജിനീയറായ പിഎം അബ്ദുൽ സലീമിനെ സസ്പെൻഡ് ചെയ്യുകയും വിശദമായ അന്വേഷണത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
ഇതിൻറെ ഭാഗമായാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. പാലത്തറ മുതൽ കൊടുമുണ്ട തീരദേശം വരെയുള്ള ഭാഗത്ത് 12 ഇടങ്ങളിലായാണ് പരിശോധന നടന്നത്. കട്ടറുകൾ ഉപയോഗിച്ച് കുഴിച്ച് റോഡിൻറെ സാമ്പിളുകൾ ശേഖരിച്ചു. മുൻപ് ധന വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ റോഡ് പരിശോധിചത്തിൽ 30 സെന്റിമീറ്റർ കനം വേണ്ടിടത്ത് പകുതി കനം മാത്രമേയുള്ളുവെ ന്ന് കണ്ടെത്തിയിരുന്നു. മൂന്നര കിലോമീറ്റർ റോഡ് നവി കരിക്കുന്നതിന് 2 കോടി രൂപയാണ് ചെലവഴിച്ചിരുന്നത്. ഇതിൽ ഒരു കോടി രൂപയുടെ വെട്ടിപ്പ് നടന്നുവെന്നാണ് നിലവിലെ സ്ഥിരികരണം.