
എറണാകുളം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പ് ശല്യം വർദ്ധിക്കുന്നു. കൂത്താട്ടുകുളത്ത് പ്ലസ് ടു വിദ്യാർത്ഥിനി മൂർഖൻ പാമ്പിന്റെ മുന്നിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇടുക്കിയിലും കോട്ടയത്തുമായി മൂന്ന് പേർക്ക് പാമ്പുകടിയേൽക്കുകയും ചെയ്തു.മംഗലത്ത് താഴം പനയക്കുന്നേൽ പ്രസാദിന്റെ വീടിനുള്ളിലാണ് മൂർഖൻ പാമ്പ് എത്തിയത്.
കിടപ്പുമുറിയിൽ നിൽക്കുകയായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി ശ്രീനന്ദനയുടെ അരികിലേക്ക് പാമ്പ് ഇഴഞ്ഞെത്തുകയായിരുന്നു. പെട്ടെന്ന് പാമ്പിനെ കണ്ട ശ്രീനന്ദന പരിഭ്രമിക്കാതെ കട്ടിലിന് മുകളിലേക്ക് ചാടിക്കയറിയതിനാലാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. പിന്നീട് പാമ്പിനെ പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.ഇടുക്കിജില്ലയിൽ രണ്ടുപേർക്ക് പാമ്പുകടിയേറ്റു. കുഞ്ചിത്തണ്ണി സ്വദേശിയായ 14 വയസ്സുകാരൻ അജയ്, രാജകുമാരി സ്വദേശി പോൾസൺ എന്നിവർക്കാണ് കടിയേറ്റത്.
വെള്ളിക്കെട്ടൻ പാമ്പാണ് ഇരുവരെയും കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.കോട്ടയം: പാലാ രാമപുരം സ്വദേശിനി അനിത ബാബുവിനാണ് (54) പാമ്പുകടിയേറ്റത്. ഇന്നലെ രാത്രിയിൽ നടന്ന സംഭവത്തെത്തുടർന്ന് ഇവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു