
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും മകനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ അറസ്റ്റിലായ ഇളയ മകൻ സജി കുറ്റം സമ്മതിച്ചു. പച്ചടി സ്വദേശി മേരിക്കുട്ടി മാത്യു (മറിയക്കുട്ടി), മകൻ റെജി എന്നിവരെയാണ് സജി കൊലപ്പെടുത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.മേരിക്കുട്ടിയുടെ വീട്ടുപറമ്പിൽ കുഴിച്ചിട്ട നിലയിലാണ് സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത വിധം ജീർണ്ണിച്ചിരുന്നു. ഏപ്രിൽ 9-ന് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.മേരിക്കുട്ടിയെയും റെജിയെയും കാണാതായതിനെ തുടർന്ന് നാട്ടുകാർ സജിയോട് വിവരം തിരക്കിയിരുന്നു. എന്നാൽ ഇയാൾ പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയത് സംശയത്തിനിടയാക്കി. നാട്ടുകാർ വിവരം മേരിക്കുട്ടിയുടെ മകളെ അറിയിക്കുകയും തുടർന്ന് മകൾ പോലീസിൽ പരാതി നൽകുകയുമായിരുന്നു.മേരിക്കുട്ടിയുടെയും റെജിയുടെയും കൊലപാതകത്തോടെ, സജിയുടെ പിതാവ് മാത്യുവിന്റെ തിരോധാനവും വീണ്ടും ചർച്ചയാവുകയാണ്.
2018-ൽ സമാനമായ സാഹചര്യത്തിലാണ് മാത്യുവിനെ കാണാതായത്. സജിയുടെ അറസ്റ്റോടെ ഈ പഴയ തിരോധാനവും പുനരന്വേഷിക്കാൻ പോലീസ് തീരുമാനിച്ചു.മൃതദേഹങ്ങൾ മേരിക്കുട്ടിയുടെയും റെജിയുടെയും തന്നെയാണെന്ന് ഉറപ്പിക്കാനുള്ള പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് പൂർത്തിയാകും. ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കും.വീടിന് സമീപത്തെ പറമ്പിൽ ഒളിവിലിരിക്കെ നാല് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ തിരച്ചിലിനൊടുവിലാണ് പോലീസ് സജിയെ പിടികൂടിയത്. കൊലപാതകത്തിന്റെ കാരണത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.