Banner Ads

നിതിൻ രാജിന് നീതി തേടി കേരളം തെരുവിലേക്ക്; കണ്ണൂരിൽ കെഎസ്ആർടിസി തടഞ്ഞു, പ്രവർത്തകർ അറസ്റ്റിൽ.

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലും ദളിത്-ആദിവാസി സംഘടനകളും ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ.കണ്ണൂർ കാൽടെക്സിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസുകൾ തടഞ്ഞു.

ഇതേത്തുടർന്ന് അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടെങ്കിലും പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. നിതിൻ രാജിന്റെ മരണത്തിന് കാരണക്കാരനെന്ന് ആരോപിക്കപ്പെടുന്ന ഡോ. റാമിനെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരുമെന്ന് സംഘടനകൾ അറിയിച്ചു.

കണ്ണൂർ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ ഹർത്താൽ കാര്യമായി ബാധിച്ചിട്ടില്ല. കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും പതിവുപോലെ സർവീസ് നടത്തുന്നുണ്ട്. കടകമ്പോളങ്ങൾ രാവിലെ മുതൽ തുറന്നു പ്രവർത്തിച്ചു തുടങ്ങി.നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്ന് ആക്ഷൻ കൗൺസിൽ നേരത്തെ അറിയിച്ചിരുന്നെങ്കിലും, അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ മൂന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കോളേജ് അധികൃതരുടെ പീഡനമാണ് ഇതിന് പിന്നിലെന്നുമാണ് കുടുംബത്തിന്റെയും ആക്ഷൻ കൗൺസിലിന്റെയും ആരോപണം.