
തൃശൂർ : ഒരാഴ്ചക്കാലം പൂരപ്രേമികളെ ആവേശത്തിലാഴ്ത്തിയ തൃശൂർ പൂരത്തിന് ഇന്ന് സമാപനം. ശക്തന്റെ തട്ടകത്തിൽ പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് തിരശ്ശീല വീഴും. രാവിലെ ഏഴരയോടെ പാറമേക്കാവ് ഭഗവതി മണികണ്ഠനാലിൽ നിന്നും ശ്രീമൂല സ്ഥാനത്തേക്ക് എഴുന്നള്ളും.
എറണാകുളം ശിവകുമാർ ഭഗവതിയുടെ തിടമ്പേറ്റും. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ എട്ടരയോടെ ശ്രീമൂല സ്ഥാനത്ത് മേളം ആരംഭിക്കും. തിരുവമ്പാടി ഭഗവതി നായ്ക്കനാലിൽ നിന്നും ശ്രീമൂല സ്ഥാനത്തേക്ക് എഴുന്നള്ളും. തിരുവമ്പാടി ചന്ദ്രശേഖരനാണ് തിടമ്പേറ്റുക. ചെറുശ്ശേരി കുട്ടന്മാരാർ മേളത്തിന് പ്രമാണിയാകും.എറണാകുളം ശിവകുമാർ ഭഗവതിയുടെ തിടമ്പേറ്റും. മേളം കലാശിച്ച ശേഷം ഉച്ചയ്ക്ക് 12 മണിയോടെ ഇരു ഭഗവതിമാരും വടക്കുന്നാഥ സന്നിധിയിലെത്തി ഉപചാരം ചൊല്ലിപ്പിരിയും.
വെടിക്കെട്ട് പുര ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണ പുലര്‍ച്ചെയുള്ള വെടിക്കെട്ടും പകല്‍ വെടിക്കെട്ടും ഒഴിവാക്കിയിട്ടുണ്ട്. വെടിക്കെട്ട് വേണ്ടെന്നു വച്ചും കുടമാറ്റത്തിന്‍റെ ദൈർഘ്യം കുറച്ചും ആർഭാടം ഒഴിവാക്കിയെങ്കിലും പൂരാവേശം തെല്ലും കുറഞ്ഞില്ല. 2027 ഏപ്രില്‍ 16നാണ് അടുത്ത പൂരം.