Banner Ads

ആശുപത്രിയിൽ പോരാടി, ഒടുവിൽ കീഴടങ്ങി; മുണ്ടത്തിക്കോട് ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചു

തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൃശൂർ സ്വദേശി രാകേഷ് (35) ആണ് മരിച്ചത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 17 ആയി. 85 ശതമാനത്തിലേറെ പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ദിവസം എടപ്പാൾ സ്വദേശി ഉണ്ണികൃഷ്ണനും തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് കരാറുകാരനായ മുണ്ടത്തിക്കോട് സതീശനും മരണപ്പെട്ടിരുന്നു. ഏപ്രിൽ 21-ാം തീയതിയാണ് മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് നിർമ്മാണ ശാലയിൽ സ്ഫോടനമുണ്ടായത്. തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന് വേണ്ടിയുള്ള വെടിക്കെട്ട് സാമഗ്രികളാണ് ഇവിടെ നിർമ്മിച്ചിരുന്നത്.

സ്ഫോടന സ്ഥലത്തിന് 500 മീറ്റർ അകലെ വരെ ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു. വെടിക്കെട്ട് ശാല പൂർണ്ണമായും തകരുകയും സമീപത്തെ പാടശേഖരങ്ങളിലടക്കം അവശിഷ്ടങ്ങൾ തെറിച്ചു വീഴുകയും ചെയ്തു.