
തൃശ്ശൂർ : ജനസാഗരത്തെ സാക്ഷിയാക്കി തൃശ്ശൂർ പൂരത്തിന്റെ വിശ്വപ്രസിദ്ധമായ കുടമാറ്റം അരങ്ങേറി. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമയം വെട്ടിച്ചുരുക്കിയെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ലാതെയാണ് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ തെക്കേ ഗോപുരനടയിൽ മത്സരിച്ചത്. വൈകിട്ട് ആറ് മണിയോടെ ആരംഭിച്ച കുടമാറ്റം ഏകദേശം 20 മിനിറ്റോളം നീണ്ടുനിന്നു.
മുമ്പ് ഒന്നര മണിക്കൂറോളം നീണ്ടിരുന്ന ചടങ്ങ് ദുരന്ത പശ്ചാത്തലത്തിലാണ് ഇത്തവണ 15-20 മിനിറ്റായി ചുരുക്കിയത്. സാമ്പ്രദായിക വർണ്ണക്കുടകൾക്കൊപ്പം മത്സരിച്ചുള്ള കുടമാറ്റത്തെ ഹർഷാരവത്തോടെയാണ് പൂരപ്രേമികൾ വരവേറ്റത്. സമയം കുറവായതിനാൽ ഓരോ സെറ്റ് കുടകളും വേഗത്തിൽ മാറ്റിയാണ് ഇരുവിഭാഗവും കരുത്ത് കാട്ടിയത്. ഉച്ചയ്ക്ക് രണ്ടിന് തുടങ്ങിയ പ്രശസ്തമായ ഇലഞ്ഞിത്തറ മേളം വൈകിട്ട് നാലരയോടെയാണ് കൊട്ടിയവസാനിച്ചത്.
കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ ഇലഞ്ഞിത്തറയിൽ പാണ്ടിമേളം കൊട്ടിക്കയറിയപ്പോൾ പൂരനഗരി താളലയങ്ങളിൽ അലിഞ്ഞു. ഇത്തവണ പൂരത്തിന് വർണ്ണാഭമായ വെടിക്കെട്ടുണ്ടായില്ല. ചടങ്ങുകൾ മുറതെറ്റിക്കാതെ വെറും ആചാരപരമായി മാത്രമാണ് വെടിക്കെട്ട് നടത്തിയത്.