Banner Ads

പൂരലഹരിയിൽ തൃശ്ശിവപേരൂർ; മേളക്കരുത്തിൽ ആവേശമായി ഇലഞ്ഞിത്തറയും മഠത്തിൽവരവും

തൃശൂര്‍ : കത്തുന്ന വേനൽച്ചൂടിനെ അവഗണിച്ചൊഴുകുന്ന ജനസാഗരത്തെ സാക്ഷിയാക്കി തൃശൂർ പൂരം ആവേശകൊടുമുടിയിൽ. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കിയെങ്കിലും പാരമ്പര്യ തനിമ ചോരാതെയുള്ള ചടങ്ങുകളാൽ പൂരം സമ്പന്നമാണ്. സൂര്യോദയത്തിന് മുൻപേ വെയിലേൽക്കാതെ ദേവഗുരുവായ കണിമംഗലം ശാസ്താവ് എഴുന്നള്ളിയതോടെ പൂരനഗരി ഉണർന്നു.

വലിയാലുക്കൽ കുട്ടിശങ്കരൻ തിടമ്പേറ്റിയ എഴുന്നള്ളത്തിന് ജിതിൻ കല്ലാറ്റ് മേളപ്രമാണം വഹിച്ചു. പനമുക്കംപിള്ളി ശാസ്താവും കാരമുക്ക് ഭഗവതിയും ലാലൂർ ഭഗവതിയും വടക്കുന്നാഥന്റെ സന്നിധിയിലെത്തി. കാരമുക്ക് ഭഗവതിയുടെ എഴുന്നള്ളത്തിന് പത്മശ്രീ പെരുവനം കുട്ടന്മാരാർ മേളപ്രമാണം വഹിച്ചു. പൂരപ്രേമികളുടെ ആവേശം വാനോളമുയർത്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചെമ്പുക്കാവ് ഭഗവതിയുടെ തിടമ്പേറ്റി.

പതിമൂന്ന് ആനകളുമായി അയ്യന്തോൾ ഭഗവതിയും പതിനൊന്ന് ആനകളുമായി നെയ്തലക്കാവ് ഭഗവതിയും പൂരത്തിന് മാറ്റ് കൂട്ടി. പതിനൊന്നരയോടെ ആരംഭിച്ച തിരുവമ്പാടിയുടെ വിശ്വപ്രസിദ്ധമായ മഠത്തിൽ വരവ് പഞ്ചവാദ്യം പൂരനഗരിയെ ഭക്തിസാന്ദ്രമാക്കി. ഉച്ചയ്ക്ക് രണ്ട് മണിയോടെ 250ഓളം വാദ്യകലാകാരന്മാർ അണിനിരന്ന ലോകപ്രശസ്തമായ ഇലഞ്ഞിത്തറ മേളം ആരംഭിച്ചു.

കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ അരങ്ങേറുന്ന പാണ്ടിമേളം ആസ്വദിക്കാൻ ആയിരങ്ങളാണ് ഇലഞ്ഞിത്തറയിൽ ഒത്തുകൂടിയിരിക്കുന്നത്. ഇത്തവണത്തെ തെക്കോട്ടിറക്കത്തിന് ശേഷമുള്ള കുടമാറ്റം 15 മിനിറ്റിൽ പൂർത്തിയാക്കും.