
ദില്ലി : ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ വിമാനത്തിന്റെ എൻജിന് തീപിടിച്ചു. സ്വിസ് എയർ വിമാനത്തിനാണ് തീപിടുത്തമുണ്ടായത്. യാത്രക്കാരെ അടിയന്തരമായി വിമാനത്തിന് പുറത്തെത്തിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് യാത്രക്കാർക്ക് പരിക്കേറ്റു.
ഇവരെ വിമാനത്താവളത്തിന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ദില്ലിയിൽ നിന്ന് സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലേക്ക് പുറപ്പെടേണ്ടിയിരുന്ന LX 147 സ്വിസ് എയർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. റൺവേയിലൂടെ ടേക്ക് ഓഫിനായി വേഗത കൂട്ടുന്നതിനിടെ ഒരു എൻജിനിൽ പെട്ടെന്ന് തീപടരുകയായിരുന്നു.
പൈലറ്റ് ഉടൻ തന്നെ വിമാനം റൺവേയിൽ നിർത്തി അടിയന്തര ഒഴിപ്പിക്കലിന് നിർദ്ദേശം നൽകി. 4 കുട്ടികൾ ഉൾപ്പെടെ 232 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എമർജൻസി സ്ലൈഡുകൾ വഴിയാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. വിമാനത്തിലെ ജീവനക്കാർ എല്ലാവരും സുരക്ഷിതരാണ്. എൻജിൻ തകരാറിനെത്തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സ്വിസ് എയർ അറിയിച്ചു. അപകടത്തെത്തുടർന്ന് വിമാനത്താവളത്തിലെ 28-ാം നമ്പർ റൺവേ താൽക്കാലികമായി അടച്ചു. യാത്രക്കാർക്ക് പകരം യാത്രാ സൗകര്യങ്ങളും താമസവും ഒരുക്കി വരികയാണെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.