
കോഴിക്കോട് : മുക്കം നഗരസഭയിലെ ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയവർക്ക് നീർനായയുടെ കടിയേറ്റു. കരിമ്പ് ഉന്നതി സ്വദേശി ഖദീജ, ആദിദേവ് (15), ഫിദൽ അഹമ്മദ് (9) എന്നിവർക്കാണ് പരിക്കേറ്റത്. പുഴയിലെ തുമ്പോണ കടവിൽ വെച്ചായിരുന്നു സംഭവം.
വേനൽ കടുത്തതോടെ ജലസ്രോതസ്സുകൾ വറ്റിയതിനാൽ കുളിക്കാനും മറ്റാവശ്യങ്ങൾക്കുമായി പുഴയെ ആശ്രയിച്ചവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. മൂന്ന് പേർക്കും കാലുകളിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഇവരെ ആദ്യം മുക്കം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇരുവഴിഞ്ഞി പുഴയുടെ വിവിധ ഭാഗങ്ങളിൽ നീർനായ ശല്യം രൂക്ഷമാണെന്നും ഇതിനുമുമ്പും സമാനമായ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. പുഴ സംരക്ഷണത്തിന്റെ ഭാഗമായി തുമ്പോണ കടവിലുണ്ടായിരുന്ന കുളിക്കടവ് തീരം പൊളിച്ചുമാറ്റിയിരുന്നു. ഇതോടെ കുളിക്കടവില്‍ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.