
തൃശൂർ : തീവ്രമായ ദുഃഖം ഉള്ളിലൊതുക്കി ആചാരപ്പെരുമയോടെ തൃശൂർ ഇന്ന് പൂരലഹരിയിലേക്ക്. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കി ആഘോഷങ്ങൾ പരിമിതപ്പെടുത്തിയെങ്കിലും തൃശൂരിന്റെ സ്വന്തം പൂരത്തെ വരവേൽക്കാൻ ജനസാഗരം നഗരത്തിലേക്ക് ഒഴുകിയെത്തുകയാണ്.
രാവിലെ 7 മണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളുന്നതോടെ പൂരത്തിന് തുടക്കമായി. തുടർന്ന് മറ്റ് 7 ദേശക്ഷേത്രങ്ങളിൽ നിന്നുള്ള പൂരങ്ങളും എത്തും. പകൽ 11 മണിക്ക് ശേഷം തിരുവമ്പാടി വിഭാഗത്തിന്റെ പ്രസിദ്ധമായ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് ശേഷം പാറമേക്കാവ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോകപ്രശസ്തമായ ഇലഞ്ഞിത്തറ മേളം അരങ്ങേറും. വൈകീട്ട് 5 മണിയോടെ തെക്കോട്ടിറക്കം നടക്കും.
ഇതിന് പിന്നാലെയാണ് പൂരപ്രേമികൾ കാത്തിരിക്കുന്ന കുടമാറ്റം ആരംഭിക്കുക. വടക്കുന്നാഥന്റെ സന്നിധിയിൽ അരങ്ങേറുന്ന തൃശൂർ പൂരം ഇന്ന് തൃശൂരിന്റേത് മാത്രമല്ല ലോകത്തിന്റേതാണ് എന്നാണ് പൊതുവേ പറയുന്നത്. ഇന്നലെ നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി എറണാകുളം ശിവകുമാർ തെക്കേ ഗോപുരവാതിൽ തുറന്ന് പുറത്തെത്തിയതോടെ തന്നെ പൂരത്തിന്റെ ആവേശം കൊടുമുടിയിലെത്തിയിരുന്നു.
വെടിക്കെട്ട് ഒഴിവാക്കിയുള്ള പൂരത്തില്‍ ആചാര ഭാഗമായി പുലര്‍ച്ചെ വെടിക്കെട്ട് സമയത്ത് ഇരു വിഭാഗത്തിന്റെയും ഓരോ കതിന മുഴങ്ങും. നാളെ പകൽപൂരം പൂർത്തിയാക്കി ഉച്ചയോടെ പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാർ അടുത്ത പൂരത്തിന് കാണാമെന്ന വാക്കോടെ ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് സമാപനമാകും.