Banner Ads

മനുഷ്യജീവൻ പ്രധാനം; വെടിക്കെട്ടില്ലാതെ ചന്ദനപ്പള്ളി പെരുന്നാൾ, മാതൃകയായി മലങ്കര സഭ

പത്തനംതിട്ട : ആഘോഷങ്ങൾക്കായി പാവപ്പെട്ടവരുടെ ജീവൻ കുരുതികൊടുക്കരുതെന്ന സഭാ അധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുത്ത് പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി. ഇത്തവണത്തെ പെരുന്നാളിന് വെടിക്കെട്ട് വേണ്ടെന്ന് പള്ളി അധികൃതർ തീരുമാനിച്ചു.

വെടിക്കെട്ടിനായി മാറ്റിവെച്ച തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മലങ്കര സഭയുടെ പള്ളികളിലെ ആഘോഷങ്ങൾ ലളിതമാക്കണമെന്ന് ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നിർദ്ദേശിച്ചിരുന്നു.

ചന്ദനപ്പള്ളി വലിയപള്ളിക്ക് പുറമെ തെള്ളിയൂർ പള്ളിയിലും വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനമായിട്ടുണ്ട്. വരും ദിവസങ്ങളിൽ സഭയുടെ കീഴിലുള്ള മറ്റ് പള്ളികളിലും ബോധവൽക്കരണത്തിലൂടെ ഈ മാറ്റം നടപ്പിലാക്കുമെന്ന് സഭാ അധ്യക്ഷൻ വ്യക്തമാക്കി. മെയ് 7, 8 തീയതികളിലാണ് ചന്ദനപ്പള്ളി വലിയപള്ളിയിലെ പ്രധാന പെരുന്നാൾ.