Banner Ads

സൂര്യതാപം മുതൽ വൈദ്യുതി പ്രതിസന്ധി വരെ; സംസ്ഥാനത്ത് അതീവ ജാഗ്രത, യെല്ലോ അലർട്ടിൽ 12 ജില്ലകൾ

കൊച്ചി : വേനൽച്ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലാണ് ഏറ്റവും ഉയർന്ന ചൂട് (39.7°C) രേഖപ്പെടുത്തിയത്. കൊല്ലത്ത് 38.6ഡിഗ്രി സെല്‍ഷ്യസും കോഴിക്കോട് 38 ഡിഗ്രിസെല്‍ഷ്യസും രേഖപ്പെടുത്തി.

ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പാമ്പുകടി ഉൾപ്പെടെയുള്ള അപകടങ്ങൾ കൂടുന്നത് കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 11 മണിക്ക് ഉന്നതതല യോഗം വിളിച്ചു. മന്ത്രിമാർ, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാർ എന്നിവർ ഓൺലൈനായി നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. അതേസമയം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുകയാണ്.

ലോഡ്ഷെഡിങ് എന്നതിന് പകരം ലോഡ് റസ്ട്രിക്ഷൻ എന്ന പേരിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പലയിടങ്ങളിലും ഫീഡറുകൾ 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ ഓഫ് ചെയ്യുന്നുണ്ട്. പുറത്തുനിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള അപേക്ഷയിൽ റെഗുലേറ്ററി കമ്മിഷൻ തീരുമാനം വൈകുന്നത് പ്രതിസന്ധി വർധിപ്പിക്കുന്നു.

കൂടുതൽ വ്യക്തതയോടെ പുതിയ അപേക്ഷ സമർപ്പിക്കാനാണ് കമ്മിഷന്റെ നിർദ്ദേശം. ചിലയിടങ്ങളിൽ ഇന്ന് വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.