Banner Ads

വെള്ളക്കെട്ടിൽ നഗരം മുങ്ങില്ല; തൊഴിലാളികൾക്കൊപ്പം നേരിട്ടിറങ്ങി മേയർ, വഞ്ചിയൂരിൽ ശുചീകരണം ഊർജ്ജിതം

തിരുവനന്തപുരം : മഴക്കാലത്ത് നഗരത്തിലുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാൻ ശുചീകരണ തൊഴിലാളികൾക്കൊപ്പം നേരിട്ടിറങ്ങി തിരുവനന്തപുരം മേയർ വിവി രാജേഷ്. വഞ്ചിയൂർ – ജനറൽ ആശുപത്രി റോഡിലെ അടഞ്ഞുകിടന്ന ഓടകൾ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾക്കാണ് മേയറുടെ നേതൃത്വത്തിൽ തുടക്കമായത്.

കേരള റോഡ് ഫണ്ട് ബോർഡ്, പൊതുമരാമത്ത്, സ്മാർട്ട് സിറ്റി എന്നിവയുടെ കീഴിലുള്ള റോഡുകളിലെ ഓടകൾ കൃത്യമായി വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് മേയർ ചൂണ്ടിക്കാട്ടി. മണ്ണും മാലിന്യവും നിറഞ്ഞ് ഓടകളിലേക്കുള്ള വഴികൾ അടഞ്ഞുകിടക്കുകയായിരുന്നു.

മറ്റ് വകുപ്പുകളുടെ നടപടിക്കായി കാത്തുനിൽക്കാതെ കോർപ്പറേഷനിലെ ശ്രീകണ്ഠേശ്വരം സർക്കിളിലെ ശുചീകരണ തൊഴിലാളികൾ നേരിട്ട് മണ്ണ് നീക്കം ചെയ്യുകയായിരുന്നു. ഓടയിൽ നിന്ന് മാറ്റുന്ന മണ്ണ് മഴയിൽ തിരികെ ഒലിച്ചിറങ്ങാതിരിക്കാൻ ഉടനടി വാഹനങ്ങളിൽ കയറ്റി മാറ്റാനും നടപടി സ്വീകരിച്ചു.

കഴിഞ്ഞ ദിവസം കണ്ണമ്മൂല വാർഡിലും സമാനമായ രീതിയിൽ മേയർ നേരിട്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നു. നഗരത്തിലെ വെള്ളക്കെട്ട് പൂർണ്ണമായും ഒഴിവാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.