
കോഴിക്കോട് : വടകര ഓർക്കാട്ടേരിയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന ഐ ബോൺ ഹോട്ടൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അടപ്പിച്ചു. പഞ്ചായത്ത് ലൈസൻസ് പോലുമില്ലാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ നിന്ന് വൻതോതിലാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയത്.
നൂറോളം പഴയ പൊറോട്ടകൾ, കാലാവധി കഴിഞ്ഞ പാക്കറ്റ് പാലുകൾ, ദിവസങ്ങളോളം പഴക്കമുള്ള എണ്ണ, പഴകിയ തൈര്, ഉപയോഗശൂന്യമായ ഫ്രൈഡ് ഒണിയൻ എന്നിവ ഹോട്ടലിൽ നിന്ന് കണ്ടെടുത്തു. ഹോട്ടലിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ നേരത്തെ നടത്തിയ പരിശോധനയിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ഈ വെള്ളം ഉപയോഗിക്കരുതെന്ന കർശന നിർദ്ദേശം മറികടന്നാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. ഓർക്കാട്ടേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ കല്ലേരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പൊതുജനാരോഗ്യത്തിന് ഭീഷണിയായ സാഹചര്യത്തിൽ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെപ്പിച്ചു. വരും ദിവസങ്ങളിലും കർശനമായ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.