Banner Ads

ചിതറിത്തെറിച്ച ജീവിതങ്ങൾ; മുണ്ടത്തിക്കോട്ട് ഇനിയും കണ്ടെത്താനുള്ളത് 4 പേരെ, ഡിഎൻഎ പരിശോധന നിർണായകം

തൃശ്ശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ കാണാതായ നാല് പേർക്കായി തിരച്ചിൽ തുടരുന്നു. കാഞ്ഞിരക്കോട് സ്വദേശി സുരേഷ് സി എ (50), കോട്ടപ്പുറം സ്വദേശി അഭിജിത് എന്ന അഭി (28), മണക്കൂടി സ്വദേശി വിഷ്ണു (38), കോട്ടപ്പുറം സ്വദേശി ഗിരീഷ് (42) എന്നിവരെയാണ് കാണാതായത്.

തിരിച്ചറിയാൻ സാധിക്കാത്ത ഒരു മൃതദേഹവും 29 ശരീരഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. ഇവ ആരുടേതാണെന്ന് കണ്ടെത്താൻ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. ഒൻപത് മൃതദേഹങ്ങളിൽ 8 എണ്ണം ഇതിനോടകം ബന്ധുക്കൾക്ക് വിട്ടുനൽകി. ഒരാളുടെ ഡി എൻ എ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ ഡിഎൻഎ പരിശോധനാ ഫലം ലഭ്യമാകുമെന്ന് കളക്ടർ അറിയിച്ചു.

അതേസമയം സ്ഫോടനത്തിന് കാരണം കനത്ത ചൂടല്ലെന്നാണ് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ പ്രാഥമിക വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ട് സാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. നിർമ്മാണശാലയ്ക്ക് ലൈസൻസ് ഉണ്ടായിരുന്നെങ്കിലും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.

എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള പ്രാഥമിക തെളിവെടുപ്പ് പൂർത്തിയായി. പ്രദേശത്തെ കുളത്തിൽ നടത്തിയ പരിശോധനയിൽ ശരീരഭാഗങ്ങളൊന്നും കണ്ടെത്താനായില്ലെങ്കിലും ചില വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. ഇവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.