
തൃശൂർ : വാണിയംപാറയിൽ വീട്ടിലെ ശുചിമുറിയിൽ വെച്ച് രണ്ടര വയസ്സുകാരന് പാമ്പുകടിയേറ്റു. കൊമ്പഴ മാളിയേക്കൽ വീട്ടിൽ ശ്യാം പീറ്ററിന്റെ മകൻ ആദം എന്ന കുട്ടിക്കാണ് കടിയേറ്റത്. ശംഖുവരയൻ പാമ്പാണ് കുട്ടിയെ കടിച്ചത്. ഉടൻ തന്നെ കുട്ടിയെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വേനൽക്കാലത്ത് ഈർപ്പമുള്ള ഇടങ്ങൾ തേടി പാമ്പുകൾ വീടിനുള്ളിലേക്ക് കയറാനുള്ള സാധ്യത കൂടുതലാണെന്നും, ശുചിമുറികളും വീടിന്റെ പരിസരവും പരിശോധിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ പ്രവർത്തകർ നിർദേശിച്ചു.