
കോഴിക്കോട്: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് അസഹനീയമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ, ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വരെ കടുത്ത ചൂടും അസ്വസ്ഥതയും തുടരുമെന്നാണ് പ്രവചനം.
പാലക്കാട് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്താൻ സാധ്യത (40°C). കൊല്ലത്ത് 39°C വരെയും മറ്റ് ജില്ലകളിൽ 37°C വരെയും ചൂട് ഉയർന്നേക്കാം. പാലക്കാടൻ ചുരത്തിലൂടെ തമിഴ്നാട്ടിൽ നിന്ന് എത്തുന്ന ഉഷ്ണക്കാറ്റാണ് മലബാറിലെയും പരിസര പ്രദേശങ്ങളിലെയും താപനില വർദ്ധിപ്പിക്കുന്നത്. പശ്ചിമഘട്ടത്തിലെ വിടവിലൂടെ തടസ്സമില്ലാതെ എത്തുന്ന ഈ കാറ്റ് കേരളത്തിലെ അന്തരീക്ഷത്തെ കൂടുതൽ ചൂടുപിടിപ്പിക്കുന്നു.
ചൂട് കടുക്കുമ്പോഴും ആശ്വാസമായി സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ തീരദേശങ്ങളിലും മലയോര മേഖലകളിലും ജാഗ്രത പാലിക്കണം. അറബിക്കടലിൽ നിന്നുള്ള കാറ്റും കരയിൽ നിന്നുള്ള ഉഷ്ണക്കാറ്റും തമ്മിലുള്ള സങ്കലനമാണ് നിലവിലെ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണം.
ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക.നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കുക.ഇടിമിന്നൽ സമയത്ത് സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറാൻ ശ്രദ്ധിക്കുക.മലയോര മേഖലകളിൽ ഒഴികെ എല്ലായിടത്തും കടുത്ത അസ്വസ്ഥത അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കുക.