
തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കുറയാതെ തുടരുന്നു. ഈ മാസം 24 വരെ വിവിധ ജില്ലകളിൽ ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സാധാരണ ലഭിക്കുന്നതിനേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കാനാണ് സാധ്യത.
പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും കാരണം മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത അസ്വസ്ഥതയ്ക്കും ചൂടിനും സാധ്യതയുണ്ട്. ചൂടിനിടയിലും ആശ്വാസമായി നാളെ വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കണം. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ജാഗ്രത കൈവിടരുത്. ഇടിമിന്നൽ ഉള്ളപ്പോൾ മരങ്ങൾക്കടിയിലോ തുറസ്സായ സ്ഥലത്തോ നിൽക്കുന്നത് ഒഴിവാക്കുക. കടുത്ത വെയിലത്ത് നേരിട്ട് ജോലി ചെയ്യുന്നത് ഒഴിവാക്കുക. നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കുക.