
ജമ്മു: ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ 15 പേർ കൊല്ലപ്പെട്ടു. നിരവധി യാത്രികർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇന്ന് രാവിലെ പത്ത് മണിയോടെ ഉധംപൂരിലെ രാംനഗർ മേഖലയിലുള്ള കഗോർട്ട് ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. ഉധംപൂരിലേക്ക് വരികയായിരുന്ന ബസ്, കുത്തനെയുള്ള ഇറക്കമിറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടമായി അഗാധമായ കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വളവ് തിരിയുന്നതിനിടെയാണ് ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടമായതെന്ന് കരുതപ്പെടുന്നു.അപകടം നടന്ന ഉടനെ പ്രദേശവാസികളാണ് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയത്.
തുടർന്ന് പൊലീസും സൈന്യവും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കുത്തനെയുള്ള ഭൂപ്രകൃതി രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.