
കൊച്ചി: ഫാൻസി വാഹന നമ്പറുകൾക്കായി ലേലത്തിൽ ഉയർന്ന തുക വിളിച്ച ശേഷം പണമടയ്ക്കാതെ പിന്മാറുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ലേലം ഉറപ്പിച്ച തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഇനി മുതൽ റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരും. ഇതുസംബന്ധിച്ച നോട്ടീസ് നേരിട്ട് വീട്ടിലെത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
ഹൈക്കോടതിയുടെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് നടപടികൾ കർശനമാക്കിയത്.കഴിഞ്ഞ ദിവസം എറണാകുളത്തെ ഒരു ആർടി ഓഫീസിൽ നടന്ന ലേലമാണ് ഈ നടപടികളിലേക്ക് നയിച്ചത്. ഒരു പ്രത്യേക നമ്പറിനായി ആറ് പേർ പങ്കെടുത്ത വാശിയേറിയ ലേലത്തിൽ, ഒരാൾ അഞ്ച് ലക്ഷം രൂപയ്ക്ക് ആ നമ്പർ ഉറപ്പിച്ചു. എന്നാൽ, രണ്ടു ദിവസത്തിന് ശേഷം തനിക്ക് ആ നമ്പർ വേണ്ടെന്നും 3000 രൂപയുടെ സാധാരണ നമ്പർ മതിയെന്നും ഇയാൾ അധികൃതരെ അറിയിക്കുകയായിരുന്നു.
ഇത്തരത്തിൽ ലേലത്തിൽ പങ്കെടുത്ത് തുക ഉറപ്പിക്കുന്നത് ഒരു നിയമപരമായ ബാധ്യതയാണെന്നും അതിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. പ്രധാനമായും താഴെ പറയുന്ന കാര്യങ്ങളാണ് പുതിയ നടപടിക്ക് ആധാരം,ലേലത്തിൽ ഒരു തുക വിളിച്ചാൽ അത് നൽകാൻ വിളിച്ച വ്യക്തി ബാധ്യസ്ഥനാണ്.വാർത്തകളിൽ ഇടം നേടാനോ മറ്റുള്ളവരെ തടയാനോ വേണ്ടി വലിയ തുക വിളിക്കുകയും പിന്നീട് പിന്മാറുകയും ചെയ്യുന്നത് സർക്കാരിന് വലിയ വരുമാന നഷ്ടമുണ്ടാക്കുന്നു.
തുക അടയ്ക്കാത്ത പക്ഷം സർക്കാർ ഉദ്യോഗസ്ഥർക്ക് റവന്യൂ റിക്കവറി നടപടികളിലൂടെ ഈ തുക ഈടാക്കാവുന്നതാണ്.സിനിമാ താരങ്ങളുടെയും മറ്റും നമ്പറുകൾക്കായി നടക്കുന്ന ലേലങ്ങളിൽ പ്രശസ്തിക്ക് വേണ്ടി മാത്രം അനാവശ്യമായി തുക ഉയർത്തി വിളിച്ച് പിന്നീട് ഒഴിഞ്ഞുമാറുന്ന രീതിക്ക് ഇതോടെ അവസാനമാകും.