
കൊച്ചി : വൈദ്യുതി തൂണുകളെ പരസ്യപ്പലകകളാക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി കെഎസ്ഇബി. പോസ്റ്റുകളിൽ പരസ്യങ്ങൾ പതിപ്പിക്കുന്നവർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് ക്രിമിനൽ കേസ് എടുക്കാൻ അധികൃതർ തീരുമാനിച്ചു.
കേസിന് പുറമെ വലിയ തുക പിഴയായും ഈടാക്കും. വൈദ്യുതി തടസ്സമോ അപകടങ്ങളോ ഉണ്ടായാൽ ഉദ്യോഗസ്ഥരെ അറിയിക്കാൻ ഓരോ തൂണിലും മഞ്ഞ പശ്ചാത്തലത്തിൽ നമ്പറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. തൂണുകളിൽ കെട്ടുന്ന കൊടിതോരണങ്ങളും ഫ്ലെക്സ് ബോർഡുകളും അറ്റകുറ്റപ്പണിക്കായി കയറുന്ന ലൈൻമാൻമാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ്.
ഇവ ഷോക്കേൽക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. വൈദ്യുതി തൂണുകളിൽ പരസ്യം പാടില്ലെന്ന കോടതി നിർദ്ദേശം നിലവിലുണ്ടെങ്കിലും പലയിടത്തും ഇത് ലംഘിക്കപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ പോലീസിനെ സമീപിച്ചത്. പരസ്യങ്ങൾക്കൊപ്പം തന്നെ തൂണുകളിലെ അനിയന്ത്രിതമായ കേബിൾ കുരുക്കുകളും കെഎസ്ഇബി ജീവനക്കാരെ വലയ്ക്കുന്നുണ്ട്.
കേബിളുകൾക്കിടയിലൂടെ പ്രയാസപ്പെട്ട് കയറുന്ന ജീവനക്കാരുടെ കഴുത്തിൽ കേബിൾ ചുറ്റാനോ കാല് കുടുങ്ങി അപകടമുണ്ടാകാനോ ഉള്ള സാധ്യതയേറെയാണ്.