Banner Ads

ചൂട് കടുക്കുന്നു; പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

പാലക്കാട് : ജില്ലയിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യവും കടുത്ത ചൂടും തുടരുന്ന പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. നാളെ (ഏപ്രിൽ 20) മുതൽ ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ, ടെക്നിക്കൽ ഉൾപ്പെടെ), കോച്ചിംഗ് സെന്ററുകൾ എന്നിവയ്ക്ക് ഈ ഉത്തരവ് ബാധകമായിരിക്കും.

ഫിസിക്കൽ ക്ലാസുകൾ ഒഴിവാക്കി 24 മണിക്കൂറിനകം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ നിർദ്ദേശമുണ്ട്. പരീക്ഷകൾ ഉൾപ്പെടെയുള്ള അക്കാദമിക് പ്രവർത്തനങ്ങൾ അംഗീകൃത ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി തുടരാവുന്നതാണ്. ഓൺലൈൻ ക്ലാസുകളിലൂടെ മാത്രം ഹാജർ രേഖപ്പെടുത്താനും അക്കാദമിക് തുടർച്ച ഉറപ്പാക്കാനും കളക്ടർ നിർദ്ദേശിച്ചു.

ജില്ലയിലെ താപനില തുടർച്ചയായ രണ്ട് ദിവസങ്ങളിൽ 37°Cലോ അതിൽ താഴെയോ രേഖപ്പെടുത്തിയാൽ മാത്രമേ ഫിസിക്കൽ ക്ലാസുകൾ പുനരാരംഭിക്കാൻ അനുമതി നൽകൂ. ജില്ലയിലെ നിലവിലെ താപനില 40.1°C ആണെങ്കിലും അനുഭവപ്പെടുന്ന ചൂട് (ഫീൽഡ് ടെംപറേച്ചർ) 45°C വരെയാണ്. ഉയർന്ന യുവി ഇൻഡക്സ് (7) രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ഹീറ്റ് സ്ട്രോക്ക് (സൂര്യാതപം), നിർജ്ജലീകരണം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്.

ക്ലാസ് മുറികളിലെ വായുസഞ്ചാരക്കുറവും ഉയർന്ന ചൂടും വിദ്യാർത്ഥികളുടെ ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികളും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നും നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.