
കൊച്ചി : എടിഎമ്മിൽ പണം പിൻവലിക്കാനെത്തിയ യുവാവ് മൂർഖൻ പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ ആലുവ പറവൂർ കവലയിലെ എസ്ബിഐ എടിഎം കൗണ്ടറിലാണ് സംഭവം. പണം പിൻവലിച്ച ശേഷം കാർഡ് തിരിച്ചെടുക്കുന്നതിനിടെയാണ് മെഷീന്റെ താഴെയായി ചുരുണ്ടുകൂടി കിടക്കുന്ന പാമ്പിനെ കണ്ടത്.
ഭയന്നുപോയ ഇയാൾ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി. ഇതോടെ പരിസരത്തുണ്ടായിരുന്നവരും യാത്രക്കാരും എടിഎം കൗണ്ടറിന് മുന്നിൽ തടിച്ചുകൂടി. രണ്ട് മണിക്കൂറോളം ഇവിടെ ഇടപാടുകൾ പൂർണ്ണമായും നിലച്ചു. കൂടിക്കൂടിയവരിൽ ചിലർ പാമ്പിനെ കൊല്ലാൻ ശ്രമിച്ചെങ്കിലും എടിഎമ്മിനുള്ളിലെ സിസിടിവി ക്യാമറയും തുടർന്നുള്ള നിയമപ്രശ്നങ്ങളും ഭയന്ന് ആ നീക്കം ഉപേക്ഷിച്ചു.
പോലീസിൽ വിവരമറിയിച്ചെങ്കിലും പാമ്പിനെ പിടികൂടാൻ ഉടൻ സംവിധാനമുണ്ടായില്ല. ഒടുവിൽ വൈകിട്ട് നാല് മണിയോടെ പാമ്പ് സ്വയം പുറത്തിറങ്ങി സമീപത്തെ പറമ്പിലേക്ക് ഇഴഞ്ഞു പോയി. അപ്രതീക്ഷിതമായി എത്തിയ ‘അതിഥി’ കാരണം പണം പിൻവലിക്കാനെത്തിയ നിരവധി പേർ ഭയന്ന് മടങ്ങി.