
മലപ്പുറം: വാൽപ്പാറ വാഹനാപകടത്തിൽ പ്രിയപ്പെട്ട അധ്യാപകരെ നഷ്ടപ്പെട്ട കുട്ടികളുടെ മാനസികാഘാതം കുറയ്ക്കാൻ അടിയന്തര കൗൺസിലിങ് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അമ്പലപ്പറമ്പ് ഗവ. സ്കൂളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹങ്ങളിൽ അന്തിമോപചാരം അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂളിലെ ഒരു അധ്യാപകൻ ഒഴികെ മറ്റെല്ലാവരും അപകടത്തിൽ മരണപ്പെട്ട സാഹചര്യമാണുള്ളത്. സ്കൂൾ തുറക്കുന്നതിന് മുമ്പായി തന്നെ പുതിയ അധ്യാപകരെയും ജീവനക്കാരെയും നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇക്കാര്യത്തിൽ പ്രാദേശിക എം.എൽ.എയുടെ ആവശ്യം പരിഗണിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ലഭ്യമായ പരമാവധി ധനസഹായം ഉറപ്പാക്കും.ദുരന്തത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തും. ഇത്തരം അപകടങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.