Banner Ads

തളരാതെ കൂടെയുണ്ട്: വാൽപ്പാറ അപകടത്തിൽ പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടവരെ ചേർത്തുപിടിച്ച് ഭരണ-പ്രതിപക്ഷ നേതാക്കൾ

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ മലയാളി അധ്യാപകസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ഒൻപത് പേർ മരിച്ച സംഭവത്തിൽ രാജ്യം നടുക്കം രേഖപ്പെടുത്തി. മലപ്പുറം പാങ്ങ് ചേണ്ടി പാറമ്മൽ എൽ.പി സ്കൂളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളുമാണ് ഈ ദാരുണമായ അപകടത്തിന് ഇരയായത്.

കോയമ്പത്തൂരിന് സമീപമുണ്ടായ ഈ അപകടവാർത്ത അതീവ ദുഃഖകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പ്രിയപ്പെട്ടവർ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം എക്സിൽ കുറിച്ചു.

അപകടത്തിൽ ജീവൻ നഷ്ടമായത് നാടിനാകെ നികത്താനാവാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കും.പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. വിനോദയാത്രയ്ക്കിടെയുണ്ടായ ഈ ദുരന്തം അതീവ വേദനയുണ്ടാക്കുന്നതാണെന്നും പരിക്കേറ്റവർക്ക് അടിയന്തര സഹായങ്ങൾ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.