
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ വീടിന് നേരെ സ്റ്റീൽ ബോംബേറ്. മെരുവമ്പായി ഹെൽത്ത് സെന്ററിന് സമീപം ‘മസ്ഹർ’ വീട്ടിൽ സുഹറയുടെ വീടിന് നേരെയാണ് വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ ആക്രമണമുണ്ടായത്. ജനൽ ചില്ലിൽ തട്ടി വീണെങ്കിലും ബോംബ് പൊട്ടിത്തെറിക്കാത്തതിനാൽ വലിയ അപകടം ഒഴിവായി.പുലർച്ചെ വലിയ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് പരിശോധിച്ചപ്പോഴാണ് വീടിന് മുന്നിൽ ബോംബ് കിടക്കുന്നത് കണ്ടത്.
ഉടൻ തന്നെ കൂത്തുപറമ്പ് പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുത്ത് സുരക്ഷിതമായി നീക്കം ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. റോഡിലൂടെ നടന്നു വന്ന ഒരാൾ വീടിന് നേരെ ബോംബ് എറിഞ്ഞ ശേഷം ഓടി രക്ഷപ്പെടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതിയെ തിരിച്ചറിയാനുള്ള ഊർജ്ജിത ശ്രമത്തിലാണ് പോലീസ്.