
അഞ്ചൽ: കരാട്ടെ പരിശീലനത്തിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വാളകം അമ്പലക്കര സ്വദേശികളായ ബിനോയ്-സിമി ദമ്പതികളുടെ മകൾ അഹന്നയാണ് മരിച്ചത്. അഞ്ചലിലെ കരാട്ടെ പരിശീലന കേന്ദ്രത്തിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
കരാട്ടെയിലെ ബ്ലാക്ക് ബെൽറ്റ് പരീക്ഷയ്ക്ക് മുന്നോടിയായുള്ള പ്രത്യേക പരിശീലന ക്യാമ്പിൽ പങ്കെടുക്കാനാണ് അഹന്ന അഞ്ചലിലെ പ്രധാന കേന്ദ്രത്തിൽ എത്തിയത്. സാധാരണയായി വാളകത്തെ കേന്ദ്രത്തിലാണ് കുട്ടി പരിശീലനം നടത്തിയിരുന്നത്. പരീക്ഷയായതിനാലാണ് അഞ്ചലിലെ മുഖ്യ കേന്ദ്രത്തിൽ എത്തിയത്.
പരിശീലനത്തിനിടെ ഉച്ചയ്ക്ക് രണ്ട് മണിയോടെ അഹന്നയ്ക്ക് കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തതയ്ക്കായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്.