
ആലപ്പുഴ: മകളുടെ വിവാഹം ക്ഷണിക്കാൻ ഭർത്താവിനൊപ്പം പോകുന്നതിനിടെയുണ്ടായ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭാര്യയും മരിച്ചു. വെട്ടിയാർ പള്ളിമുക്ക് തുളസീദളം വീട്ടിൽ തുളസി എസ്. നായർ (55) ആണ് എറണാകുളം അമൃത ആശുപത്രിയിൽ അന്തരിച്ചത്. ഇതോടെ ഒരു കുടുംബത്തിന്റെ മുഴുവൻ ആഘോഷങ്ങളും തീരാദുഃഖമായി മാറി.
കഴിഞ്ഞ മാർച്ച 27-ന് മാങ്കാംകുഴി പാറക്കുളങ്ങരയിൽ വെച്ചാണ് ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ചത്. അപകടദിവസം തന്നെ തുളസിയുടെ ഭർത്താവ് ശശി കെ. നായർ (64) മരണപ്പെട്ടിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തുളസി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
മെയ് പത്തിനായിരുന്നു ഇവരുടെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവാഹം ക്ഷണിക്കാൻ പോകുന്നതിനിടെയാണ് വിധിയുടെ ക്രൂരത ദമ്പതികളെ കവർന്നെടുത്തത്.