
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു.നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നും കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.
കമ്മീഷണർ ഓഫീസിന് മുന്നിൽ പൊലീസ് തീർത്ത ബാരിക്കേഡുകൾ പ്രവർത്തകർ തകർക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. തുടർന്ന് പൊലീസ് ലാത്തിവീശുകയും ജലപീരങ്കി ഉപയോഗിച്ച് പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിക്കുകയുമായിരുന്നു. സംഘർഷത്തെത്തുടർന്ന് നിരവധി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി കെ ടി സഹദുള്ള പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.തസ്ലീം മണിയാട്ട് അധ്യക്ഷനായി. ഷജീർ ഇക്ബാൽ സ്വാഗതം പറഞ്ഞു. അസ്കർ കണ്ണാടിപ്പറമ്പ്, ഷബീർ എടയന്നൂർ, ബി കെ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ജംഷീർ ആലക്കാട്, ഷക്കീർ ആഡൂർ,മൻസൂർ കീത്തടത്ത്, നസീർ പുറത്തീൽ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.