
വൈക്കം: പക്ഷിപ്പനി സ്ഥിരീകരിച്ച ഉദയനാപുരം ശ്രീനാരായണപുരത്ത് രോഗപ്രതിരോധ നടപടികളുടെ ഭാഗമായി പക്ഷികളെ കൊന്നൊടുക്കുന്ന (Culling) നടപടികൾ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്ത നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകളായി തിരിഞ്ഞാണ് സന്നദ്ധ പ്രവർത്തകർ നടപടികൾ പൂർത്തിയാക്കുന്നത്.
രോഗബാധ കണ്ടെത്തിയ ഫാമിലെയും സമീപത്തെ മറ്റൊരു ഫാമിലെയും മുട്ടക്കോഴികളെയും ഇറച്ചിക്കോഴികളെയുമാണ് നശിപ്പിക്കുന്നത്. സുരക്ഷാ കവചങ്ങൾ ധരിച്ച ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.കഴിഞ്ഞ ശനിയാഴ്ചയാണ് പുത്തൻകരി പി.ഡി. ജോണിന്റെ ഫാമിൽ പക്ഷിപ്പനി (H5N1) സ്ഥിരീകരിച്ചത്. ഫാമിലുണ്ടായിരുന്ന 6000 കോഴികളിൽ 4500-ഓളം പക്ഷികൾ രോഗം ബാധിച്ച് ചത്തിരുന്നു.
രോഗം സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു. ഇവിടേക്ക് പക്ഷികളെയും പക്ഷി ഉൽപ്പന്നങ്ങളെയും (മുട്ട, മാംസം, വളം) കൊണ്ടുവരുന്നതിനും പുറത്തേക്ക് കൊണ്ടുപോകുന്നതിനും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.ശനിയാഴ്ച രോഗം സ്ഥിരീകരിച്ചിട്ടും പക്ഷികളെ നശിപ്പിക്കാനുള്ള നടപടികൾ തുടങ്ങാൻ ആറ് ദിവസം വൈകിയത് പ്രദേശവാസികളിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഈ കാലതാമസം മുതലെടുത്ത് പല ഫാം ഉടമകളും തങ്ങളുടെ പക്ഷികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി സൂചനയുണ്ട്. ഇത് രോഗം മറ്റു മേഖലകളിലേക്ക് പടരാൻ കാരണമാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. മനോജ് കുമാർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഡന്നീസ് തോമസ് എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.