
പാലക്കാട്: വിഷു ആഘോഷത്തിന്റെ ആവേശം കണ്ണീരായി മാറി; കയ്യിലിരുന്ന പടക്കം പൊട്ടിത്തെറിച്ച് പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ ദിലീപ് (34) മരണപ്പെട്ടു. ശ്രീകൃഷ്ണപുരം രാഗം കോർണറിലെ വെള്ളപ്പാംതൊടി നിവാസിയായ ദിലീപ് ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടത്തിൽപ്പെട്ടത്.പ്രാദേശിക ക്ലബ്ബിലെ സുഹൃത്തുക്കളോടൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.
ദിലീപിന്റെ കയ്യിൽ ഒന്നിലധികം ‘ഗുണ്ടുകൾ’ ഉണ്ടായിരുന്നു. ഇതിലൊന്നിൽ തീ കൊളുത്തുന്നതിനിടെ കയ്യിലുണ്ടായിരുന്ന മറ്റ് പടക്കങ്ങളിലേക്കും അപ്രതീക്ഷിതമായി തീ പടരുകയായിരുന്നു. കൈയിലിരുന്ന ഗുണ്ടുകൾ ഒന്നിച്ച് പൊട്ടിത്തെറിച്ചതോടെ ദിലീപിന് ഗുരുതരമായി പൊള്ളലേറ്റു.
അപകടം നടന്ന ഉടൻ തന്നെ ദിലീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പടക്കം പൊട്ടിത്തെറിച്ചതിനെത്തുടർന്നുണ്ടായ ആഘാതത്തിൽ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്.