
ദില്ലി : നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാനായി നടനും ബിജെപി ദേശീയ കൗൺസിൽ അംഗവുമായ ജി കൃഷ്ണകുമാർ ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏൽപ്പിച്ച ഉത്തരവാദിത്വം നിറഞ്ഞ ഈ ചുമതലയ്ക്ക് കൃഷ്ണകുമാർ നന്ദി അറിയിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം.
പ്രമുഖർ ഇരുന്ന കസേരയാണിതെന്നും ഇന്ത്യൻ സിനിമയെ കൂടുതൽ ഉയരങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്നും കൃഷ്ണകുമാർ പറഞ്ഞു. ലോകശ്രദ്ധ നേടുന്ന ഇന്ത്യൻ കൊമേഴ്സ്യൽ സിനിമകളുടെ നിർമ്മാണത്തിന് എൻ എഫ് ഡി സി പൂർണ്ണ പിന്തുണ നൽകും.
പ്രവർത്തനങ്ങളിൽ വിവാദങ്ങൾ സ്വാഭാവികമാണെന്നും പ്രശ്നങ്ങൾ പരമാവധി പരിഹരിച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരുവനന്തപുരത്ത് നിന്നടക്കം എംഎൽഎമാരുണ്ടാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പലയിടങ്ങളിലും പ്രമുഖരെ തോൽപ്പിക്കുന്നത് ബിജെപി സ്ഥാനാർത്ഥികളായിരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും പാർട്ടി ഇപ്പോൾ നൽകിയിരിക്കുന്നത് അതിലും വലിയ ചുമതലയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ 8നാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം കൃഷ്ണകുമാറിനെ എൻ എഫ് ഡി സി ചെയർമാനായും നോൺ ഒഫീഷ്യൽ ഡയറക്ടറായും നിയമിച്ചത്.