
കണ്ണൂർ : വരാനിരിക്കുന്ന ഒരു വർഷം മുഴുവൻ ഐശ്വര്യം നിറഞ്ഞുനിൽക്കണമെന്ന വിശ്വാസത്തോടെ വിഷുക്കണി ഒരുക്കാനുള്ള നെട്ടോട്ടത്തിലാണ് മലയാളികൾ. നാടും നഗരവും വിഷു വിപണിയുടെ തിരക്കിലമർന്നു കഴിഞ്ഞു.
കണിക്കൊന്ന ലഭ്യതയിലുണ്ടായ കുറവ് പരിഹരിക്കാൻ ഒറിജിനലിനെ വെല്ലുന്ന പ്ലാസ്റ്റിക് കണിക്കൊന്നകൾ വിപണിയിൽ ഇടംപിടിച്ചിട്ടുണ്ട്. പൂക്കൾ കൊഴിഞ്ഞുപോകാത്തതും ദീർഘകാലം ഉപയോഗിക്കാവുന്നതും പ്ലാസ്റ്റിക് കൊന്നകളിലേക്ക് ആളുകളെ ആകർഷിക്കുന്നു.
വിഷുക്കണിയിലെ പ്രധാന ആകർഷണമായ ശ്രീകൃഷ്ണ വിഗ്രഹങ്ങൾ ഇത്തവണയും കണ്ണൂരിലെ തെരുവുകളിൽ സജീവമാണ്. രാജസ്ഥാനിൽ നിന്നുള്ള വിദഗ്ധരെത്തി കണ്ണൂരിൽ വെച്ച് പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമിച്ച വൈവിധ്യമാർന്ന വിഗ്രഹങ്ങൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്.
കണ്ണൂർ നഗരത്തിൽ ഒരുക്കിയ കൈത്തറി-കരകൗശല വിപണന മേളയിലും ഖാദി ഗ്രാമ സൗഭാഗ്യയുടെ റിബേറ്റ് മേളയിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൂടാതെ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള പച്ചക്കറി-ഭക്ഷ്യോൽപ്പന്ന വിപണിയും സജീവമാണ്.
കണി വെക്കാനുള്ള മൺകലങ്ങൾക്കും ചട്ടികൾക്കും ഡിമാൻഡ് കൂടുതലാണ്. കളിമണ്ണ് ലഭിക്കാത്ത പ്രതിസന്ധിക്കിടയിലും സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിലാണ് തൊഴിലാളികൾ കച്ചവടം നടത്തുന്നത്. നഗരത്തിൽ വലിയ രീതിയിലുള്ള തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും മുൻവർഷങ്ങളിലെ പോലെ കച്ചവടം പൊടിപൊടിക്കുന്നില്ലെന്ന് തെരുവ് – ഷോപ്പ് വ്യാപാരികൾ പരാതിപ്പെടുന്നു.
വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങാൻ ആളുകൾ എത്തുന്നുണ്ടെങ്കിലും സാമ്പത്തിക മാന്ദ്യവും ആഗോള തലത്തിലെ യുദ്ധസാഹചര്യങ്ങളും വിപണിയെ ബാധിച്ചിട്ടുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.