Banner Ads

പ്രതികളുടെ അറസ്റ്റ് വൈകുന്നത് എന്തുകൊണ്ട്? അഞ്ചരക്കണ്ടി കോളേജ് മാർച്ചിലേക്ക് ദലിത് സംഘടനകൾ

കണ്ണൂർ : അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് ദലിത് – ആദിവാസി സംഘടന. ഏപ്രിൽ 18ന് വിവിധ ദലിത് – ആദിവാസി സംഘടനകളുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോളേജിന്റെ അംഗീകാരം റദ്ദാക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

ലോൺ ആപ്പ് വഴിയുള്ള വായ്പയെക്കുറിച്ചുള്ള പോലീസ് അന്വേഷണം യഥാർത്ഥ പ്രതികളെ രക്ഷിക്കാനും കേസ് വഴിതിരിച്ചുവിടാനുമുള്ള നീക്കമാണെന്നും നേതാക്കൾ ആരോപിച്ചു. പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ ദുരൂഹതയുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി. നിതിൻ രാജിനെ നിരന്തരം റാഗിംഗിന് വിധേയനാക്കിയിരുന്നു. സിക്ക് റൂമിൽ താമസിപ്പിക്കുന്നത് ഉൾപ്പെടെയുള്ള മാനസികവും ശാരീരികവുമായ അതിക്രമങ്ങൾ മാനേജ്‌മെന്റിന്റെ അറിവോടെയാണ് നടന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ സംസ്ഥാന നിയമസഭ അടിയന്തിരമായി രോഹിത് ആക്ട് കൊണ്ടുവരണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ശ്രീരാമൻ കൊയ്യോൻ, ഷൈജു കൊറ്റാളി, കെ രതീശൻ, പികെ കരുണാകരൻ, എ രവീന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.