Banner Ads

കേരളം കനൽ ചൂടിൽ! 12 ജില്ലകളിൽ മുന്നറിയിപ്പ്; പാലക്കാട് 40 ഡിഗ്രിയിലേക്ക്

തിരുവനന്തപുരം : കൊടും ചൂടിൽ വെന്തുരുകി കേരളം. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. വരും ദിവസങ്ങളിലും താപനില ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത് 39.2 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ്. കൊല്ലത്ത് താപനില 39°C വരെ ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ 36°C വരെയും താപനില ഉയരാം.

11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. ഒആർഎസ്, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നിവ ശീലമാക്കുക. വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ പരുത്തി വസ്ത്രങ്ങൾ ധരിക്കുക.

പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർ വെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.