Banner Ads

വാമനപുരത്ത് ഒരുവയസ്സുകാരിയുടെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ

തിരുവനന്തപുരം : വാമനപുരത്ത് ഒരു വയസ്സുകാരി പവിത്രയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ അമ്മ അശ്വതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന് ഓട്ടിസം ഉണ്ടെന്ന സംശയത്തെത്തുടർന്നുണ്ടായ മാനസിക വിഷമമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് കുഞ്ഞിന്റേത് സ്വാഭാവിക മരണമല്ലെന്നും കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണെന്നും തെളിഞ്ഞത്. കുഞ്ഞിന്റെ കഴുത്തിൽ ചതവുകൾ കണ്ടെത്തിയിരുന്നു.

ഇന്നലെ വൈകുന്നേരമാണ് കിടപ്പുമുറിയിലെ പായയിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊഴിലുറപ്പ് ജോലിക്ക് പോയ മുത്തശ്ശി തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം. ഒരാഴ്ച മുമ്പ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് പരിശോധനകൾ നടത്തിയിരുന്നെങ്കിലും കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉള്ളതായി കണ്ടെത്തിയിരുന്നില്ല. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അശ്വതിയും ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പ്രതിയെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.