
പത്തനംതിട്ട : സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ കുഞ്ഞ് ആലിൻ ഷെറിന്റെ വേർപാടിൽ നൊമ്പരപ്പെടുമ്പോഴും മാതാപിതാക്കളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുന്നവർക്കെതിരെ പ്രതികരിച്ച് കുടുംബം. കുഞ്ഞ് ആലിന്റെ മാതാപിതാക്കളായ അരുൺ എബ്രഹാമും ഷെറിൻ ആൻ ജോണും കരഞ്ഞില്ലെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ മുത്തച്ഛൻ റെജി സാമുവേൽ രംഗത്തെത്തി.
ഇങ്ങനെയുള്ള നുണ പ്രചരണങ്ങൾ നടത്തി ആനന്ദം കണ്ടെത്തുന്ന വൃത്തിക്കെട്ട മനസ്സുകളോട് പ്രതികരിക്കാനില്ലെന്ന് റെജി സാമുവേൽ വ്യക്തമാക്കി. നെഗറ്റീവ് വാർത്തകൾ പ്രചരിപ്പിച്ച് റീച്ച് കിട്ടാനും സാമ്പത്തിക നേട്ടമുണ്ടാക്കാനുമാണ് ഇവർ ശ്രമിക്കുന്നത്. കുടുംബം സത്യസന്ധമായാണ് കാര്യങ്ങൾ ചെയ്തതെന്നും ഇത്തരം സൈബർ ആക്രമണങ്ങൾക്ക് നിന്ന് കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മസ്തിഷ്ക മരണം സംഭവിച്ച ആലിന്റെ കരൾ, വൃക്കകൾ, ഹൃദയവാൽവ്, നേത്ര പടലങ്ങൾ എന്നിവ മാതാപിതാക്കൾ ദാനം ചെയ്തിരുന്നു.