Banner Ads

ശബരിമലയിൽ ‘സുഖ’ദർശനത്തിന്റെ കാലം: സ്പോട്ട് ബുക്കിങ് നിയന്ത്രണം ഫലം കണ്ടു; ഭക്തർക്ക് വലിയ ക്യൂ ഒഴിവാക്കി വേഗം ദർശനം.

ശ​ബ​രി​മ​ല: ശബരിമല ദർശനത്തിനായി പ്രതിദിനം സ്പോട്ട് ബുക്കിങ് എടുക്കാവുന്ന ഭക്തരുടെ എണ്ണം 5000 ആയി നിജപ്പെടുത്തിയതോടെ സന്നിധാനത്ത് സുഖദർശനം സാധ്യമായി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് ഈ സുപ്രധാന തീരുമാനം നടപ്പിലാക്കിയത്.പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി നിലയ്ക്കലിലെ സ്പോട്ട് ബുക്കിങ് കേന്ദ്രത്തിന്റെ പ്രവർത്തനം ബുധനാഴ്ച രാത്രി താൽക്കാലികമായി നിർത്തിവെച്ചു.

വ്യാഴാഴ്ച രാവിലെ 8:15-ന് ബുക്കിങ് പുനരാരംഭിച്ചപ്പോൾ രാത്രി മുതൽ കാത്തുനിന്ന ഭക്തരുടെ വൻതിരക്കാണ് അനുഭവപ്പെട്ടത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ബുക്കിങ് അവസാനിച്ചതോടെ പ്രതിഷേധവും ബഹളവുമുണ്ടായി.സ്ഥിതിഗതികൾ വഷളായതോടെ പോലീസ് ഇടപെട്ട് ഭക്തരെ ശാന്തരാക്കി.ബുക്കിങ് ലഭിക്കാതെ കാത്തുനിന്ന ഭക്തരെ വിവിധ ബാച്ചുകളായി കെ.എസ്.ആർ.ടി.സി. ബസിൽ പമ്പയിലേക്ക് കടത്തിവിട്ടു. സന്നിധാനത്തെയും പമ്പയിലെയും തിരക്ക് പരിഗണിച്ചായിരുന്നു ഈ ക്രമീകരണം.

ഇത് ഭക്തർക്ക് ആശ്വാസമായി.അതേസമയം, സ്പോട്ട് ബുക്കിങ് പരിധി കുറച്ച തീരുമാനം അടുത്ത ദിവസങ്ങളിൽ പ്രതിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്കയുണ്ട്. തമിഴ്നാട്ടിൽ നിന്നടക്കം നൂറുകണക്കിന് ഭക്തരാണ് സ്പോട്ട് ബുക്കിങ് പ്രതീക്ഷിച്ചുകൊണ്ട് ദിവസവും നിലയ്ക്കലിൽ എത്തുന്നത്. ഇവരെ സംബന്ധിച്ച് ഈ നിയന്ത്രണം തിരിച്ചടിയാകാൻ സാധ്യതയുണ്ട്.