Banner Ads

ശബരിമലയിൽ ആശ്വാസത്തിരക്ക്; മണിക്കൂറുകളുടെ കാത്തിരിപ്പ് ഒഴിവായി, പരാതികളും കുറഞ്ഞു

തിരുവനന്തപുരം : ദേവസ്വം മന്ത്രി വിഎൻ വാസവൻ ഇന്ന് ശബരിമല സന്ദർശിക്കും. നാളെ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം നടക്കും. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ യോഗം ചേരുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ഇപ്പോൾ യോഗം ചേരുന്നത്.

അതേസമയം ശബരിമലയിൽ ഏർപ്പെടുത്തിയ കർശനമായ നിയന്ത്രണങ്ങൾ കാരണം തീർഥാടകർക്ക് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട ബുദ്ധിമുട്ടിന് ആശ്വാസമായി. കഴിഞ്ഞ ദിവസങ്ങളിൽ കാര്യമായ തിരക്ക് അനുഭവപ്പെടുന്നില്ല. വലിയ നടപ്പന്തലിലെ കാത്തുനിൽപ്പ് മാത്രമാണ് നിലവിലുള്ളത്.

കാനനപാതയിലോ മറ്റെവിടെയെങ്കിലുമോ നീണ്ട ക്യൂ ഇല്ലാത്തതിനാൽ കുടിവെള്ളം ലഭ്യമല്ലെന്നതുൾപ്പെടെയുള്ള പരാതികളും കുറഞ്ഞിട്ടുണ്ട്. തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി സ്പോട്ട് ബുക്കിങ് പരിധി 5000 ആയി ചുരുക്കിയത് തിങ്കളാഴ്ച വരെ തുടരും. ഇന്നലെ (വ്യാഴാഴ്ച) പുലർച്ചെ മുതൽ രാത്രി 8 മണിവരെ 74,276 തീർഥാടകർ ശബരിമല ദർശനം നടത്തിയെന്നാണ് ദേവസ്വം അധികൃതരുടെ കണക്ക്.