Banner Ads

എറണാകുളത്ത് ‘നർക്കോട്ടിക്’ വല: ചിത്രപുഴയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കൊച്ചി: എറണാകുളം ജില്ലയിലെ ചിത്രപുഴയിൽ വൻ മയക്കുമരുന്ന് വേട്ട. സ്‌കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 87.38 ഗ്രാം എംഡിഎംഎയുമായി തിരുവാങ്കുളം സ്വദേശി അക്ഷയ് രാജ് (26) എന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി.കോട്ടയത്തുനിന്ന് വാങ്ങിയ മയക്കുമരുന്ന് കൊച്ചിയിൽ വിൽപന നടത്താൻ കൊണ്ടുവരുന്നതിനിടെയാണ് പ്രതി എക്സൈസിന്റെ പിടിയിലായത്.

എറണാകുളം സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സേതുലക്ഷ്മിയുടെ നേതൃത്വത്തിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ടീമാണ് ലഹരിമരുന്ന് കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസർ പ്രദീപ്കുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ ആഷ്‌ലി, പ്രതീഷ്, സിവിൽ എക്സൈസ് ഓഫീസർ സുധീഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ രജിത എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.കഴിഞ്ഞ ദിവസം കാസർകോട് ഹൊസ്ദുർഗിലും എക്സൈസ് ലഹരിമരുന്ന് വേട്ട നടത്തി. മയക്കുമരുന്ന് ഗുളികകളുമായി കണ്ണൂർ മാടായി സ്വദേശി ഫിറാഷ്.പി (34) എന്നയാളാണ് ഹോസ്ദുർഗ് എക്സൈസ് റേഞ്ചിന്റെ പിടിയിലായത്.

ഇയാളിൽ നിന്നും 7.965 ഗ്രാം ട്രമഡോൾ ഗുളികകളും 22.296 ഗ്രാം നൈട്രാസെപ്പം ഗുളികകളും എക്സൈസ് സംഘം പിടിച്ചെടുത്തു. ഹോസ്ദുർഗ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജിഷ്ണുകുമാർ.ഈ.വി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) രാജീവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്.കെ.വി, അജൂബ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ശാന്തികൃഷ്ണ, ശുഭ, ഡ്രൈവർ സുധീർകുമാർ എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെത്തിയത്.