
പത്തനംതിട്ട : ശബരിമലയിൽ കനത്ത തിരക്ക് കാരണം ദർശനം നടത്താതെ മടങ്ങിയ പാരിപ്പള്ളിയിൽ നിന്നുള്ള തീർത്ഥാടകരെ ഫോണിൽ തിരികെ വിളിച്ച് ശബരിമലയിലെ പോലീസ് കോഓർഡിനേറ്റർ എഡിജിപി എസ് ശ്രീജിത്ത്. ഒരാളും ദർശനം നടത്താതെ മടങ്ങിപ്പോകരുതെന്നും പോലീസ് സുരക്ഷയിൽ ദർശനം ഉറപ്പാക്കുമെന്നും ശ്രീജിത്ത് തീർത്ഥാടകർക്ക് ഉറപ്പുനൽകി.
ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും ഏതുസാഹചര്യത്തിലും പോലീസിനെ ബന്ധപ്പെടാമെന്നും അദ്ദേഹം വ്യക്തമാക്കി. പാരിപ്പള്ളിയിൽ നിന്നെത്തിയ സ്ത്രീകളും കുട്ടിയുമുൾപ്പെടെയുള്ള 17 അംഗ തീർത്ഥാടക സംഘം ദർശനം നടത്താതെ മടങ്ങിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് പമ്പയിൽ എത്തിയ സംഘം മരക്കൂട്ടം വരെ എത്തിയിരുന്നു. എന്നാൽ കനത്ത തിരക്ക് കാരണം മലകയറ്റം സാധിക്കാതെ വന്നതോടെ മടങ്ങുകയായിരുന്നു.
ആദ്യമായി മാലയിട്ട് മലകയറിയ നിരഞ്ജൻ എന്ന കുട്ടിയയ്യപ്പനടക്കം ദർശനം നടത്താൻ കഴിയാത്ത സങ്കടത്തിലായിരിക്കുമ്പോഴാണ് എഡിജിപിയുടെ ഇടപെടലുണ്ടായത്. ഇന്നലെ തിരക്കിൽപ്പെട്ട് ദർശനം ലഭിക്കാതെ മടങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഭക്തർ ഇന്നും പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തി. ഇവിടെ വെച്ച് അവർ ഇരുമുടി കെട്ട് അഴിച്ച് നെയ്യഭിഷേകം നടത്തി മാല ഊരി മടങ്ങി.
ഇന്നലെ രാവിലെ മുതൽ ശബരിമലയിൽ തിരക്ക് നിയന്ത്രണാതീതമായിരുന്നു. ദർശന സമയം നീട്ടിയിട്ടും ആവശ്യത്തിന് സൗകര്യങ്ങൾ ലഭിക്കാത്തതിനാൽ തീർത്ഥാടകർ വലഞ്ഞിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ കാര്യങ്ങൾ നിയന്ത്രണവിധേയമായെങ്കിലും തിരക്ക് കുറഞ്ഞില്ല. ഇന്ന് രാവിലെയോടെ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ സ്ഥിതിഗതികൾ ഏറെക്കുറെ നിയന്ത്രണവിധേയമായി. ഇന്ന് തിരക്കുണ്ടെങ്കിലും ഭക്തർക്ക് ഇപ്പോൾ സുഗമമായി ദർശനം നടത്താൻ സാധിക്കുന്നുണ്ട്.