Banner Ads

ഞാൻ ഹനുമാനിൽ വിശ്വസിക്കുന്നില്ല; രാജമൗലിയുടെ പരാമർശം വിവാദത്തിൽ, പോലീസിൽ പരാതി നൽകി രാഷ്ട്രീയ വാനരസേന

ഹൈദരാബാദ് : സംവിധായകൻ എസ്എസ് രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന രംഗത്ത്. ഹനുമാനെക്കുറിച്ച് രാജമൗലി നടത്തിയ പരാമർശത്തെ തുടർന്നാണ് സംഘടന തെലങ്കാനയിലെ രംഗറെഡ്ഡിയിലുള്ള സരൂർനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തെലുങ്ക് താരം മഹേഷ് ബാബു നായകനാകുന്ന ‘വാരാണസി’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് വേളയിൽ രാജമൗലി നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ നടന്ന ഗ്ലോബ് ട്രോട്ടർ ഇവന്റിൽവെച്ച് രാജമൗലി ഞാൻ ഭഗവാൻ ഹനുമാനിൽ വിശ്വസിക്കുന്നില്ല എന്ന് പരാമർശിച്ചതാണ് വിവാദത്തിലായത്. ഹിന്ദു ദൈവമായ ഹനുമാനെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയെന്നും ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നുമാണ് പരാതിയിൽ ആരോപിച്ചിട്ടുള്ളത്.

പരാതിയിന്മേൽ സരൂർനഗർ പോലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. മഹേഷ് ബാബുവിനൊപ്പം പ്രിയങ്കാ ചോപ്രയും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിലെത്തുന്ന ‘വാരാണസി’ എന്ന ചിത്രം അവസാന ഘട്ടത്തിലാണ്. 2027ലായിരിക്കും ചിത്രം റിലീസ് ചെയ്യുക.