
കണ്ണൂർ : നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാത ബൈപ്പാസിലെ മേൽപാലത്തിനും അടിപ്പാതയ്ക്കും ഇടയിൽ നിയന്ത്രണം വിട്ട് ഓടിച്ച കാർ കുടുങ്ങി. തലകീഴായി തൂങ്ങിക്കിടന്ന കാർ നാട്ടുകാരും ദേശീയപാത നിർമ്മാണ തൊഴിലാളികളും ചേർന്ന് 20 മിനിറ്റോളം പരിശ്രമിച്ചാണ് സുരക്ഷിതമായി പുറത്തെടുത്തത്. ദേശീയപാത 66 ൽ ചാല കവലയ്ക്ക് സമീപം ഞായറാഴ്ച വൈകീട്ടാണ് സംഭവം.
കാറോടിച്ചിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി ലാസിമിനെതിരെ (29) എടക്കാട് പോലീസ് കേസെടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബൈപ്പാസ് നിർമ്മാണം നടക്കുന്നതിനാൽ ഗതാഗതം നിരോധിച്ച പ്രദേശത്തേക്കാണ് ഇയാൾ കാർ ഓടിച്ചുകയറ്റിയത്. മേൽപാലം അപ്രോച്ച് റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് മറുഭാഗത്തേക്ക് കൂട്ടിയോജിപ്പിക്കാനായി ബാക്കിയാക്കിയ വിടവിലേക്ക് കാർ വീഴുകയായിരുന്നു.
മേൽപാലത്തിലെ കമ്പികൾക്കിടയിൽ തങ്ങിനിന്നതിനാൽ കാർ പൂർണ്ണമായും താഴേക്ക് പതിച്ചില്ല. അപകടവിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാ സേന ക്രെയിൻ ഉപയോഗിച്ച് കാർ സുരക്ഷിതമായി മുകളിലേക്ക് വലിച്ചു കയറ്റി. കാര്‍ ഓടിച്ചിരുന്ന ലാസിമിന് കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.